അതിവേഗത്തിൽ പാഞ്ഞടുക്കുന്ന കാട്ടാനയ്ക്ക് മുന്നിൽ നിന്ന് രക്ഷപ്പെടാൻ നെൽവയലിലെ ചെളിയിലൂടെ ആളുകൾ പ്രാണഭയത്തോടെ ഓടുന്ന ഭയാനകമായ ദൃശ്യങ്ങൾ വലിയ മുന്നറിയിപ്പാണ് നൽകുന്നത്.
വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നതും അവയുടെ അടുത്തേക്ക് ചെല്ലുന്നതും എത്രത്തോളം അപകടങ്ങൾക്ക് വഴിവെക്കുമെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
രാത്രികാലത്ത് കാട്ടാനയെ ഭയപ്പെടുത്തി ഓടിക്കാൻ ചിലർ പന്തങ്ങൾ വീശിയതാണ് അപകടത്തിന് തുടക്കമിട്ടത്. പെട്ടെന്ന് പ്രകോപിതനായ ആന ജനക്കൂട്ടത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. മുട്ടറ്റം ചെളി നിറഞ്ഞ വയലായതിനാൽ ആളുകൾക്ക് വേഗത്തിൽ ഓടി രക്ഷപ്പെടാൻ സാധിച്ചില്ല.
ഭയന്നോടുന്നതിനിടെ പലരും ചെളിയിൽ വീണുപോകുന്നതും വലിയ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.
ആനകൾ പൊതുവെ മന്ദഗതിയിലാണ് സഞ്ചരിക്കാറുള്ളതെന്ന തെറ്റായ ധാരണ പൂർണമായും പൊളിച്ചെഴുതുന്നതായിരുന്നു നെൽവയലിലൂടെയുള്ള ആനയുടെ ഈ അതിവേഗ ഓട്ടം.
ശ്യാം ഒറാവോൺ, സന്തോഷ് ലക്ര എന്നിവർ പകർത്തിയ ഈ ദൃശ്യങ്ങൾ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ഡോ. പി.എം. ധകാതെയാണ് എക്സിലൂടെ പങ്കുവെച്ചത്.
മനുഷ്യർക്ക് കാലെടുത്ത് വെക്കാൻ പോലും പ്രയാസമുള്ള ചെളി നിറഞ്ഞ പ്രതലങ്ങളിൽ പോലും കാട്ടാനകൾക്ക് എങ്ങനെ ഇത്ര വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ആനകളുടെ വീതിയേറിയ പാദങ്ങൾ അവയുടെ ഭാരം നിലത്ത് സമമായി വിതരണം ചെയ്യാൻ സഹായിക്കുന്നതാണ് ദുർഘടമായ ഭൂപ്രകൃതിയിലും അവയ്ക്ക് വേഗതയും നിയന്ത്രണവും നൽകുന്നത്. കാട്ടാനകൾ സാവധാനമേ സഞ്ചരിക്കൂ എന്ന് കരുതി സുരക്ഷിത അകലത്തിലാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ആർത്തുവിളിക്കുന്നതോ, പന്തം വീശുന്നതോ, പടക്കം പൊട്ടിക്കുന്നതോ ഒന്നും കാട്ടാനകളെ ഭയപ്പെടുത്തി ഓടിക്കില്ല. ഇത്തരം പ്രവൃത്തികൾ അവയെ കൂടുതൽ ഭയപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യും.
പേടിച്ചോടുന്ന ഒരു വന്യമൃഗം ഒരിക്കലും പിന്തിരിഞ്ഞോടാൻ ശ്രമിക്കില്ല, പകരം സ്വയം രക്ഷക്കായി മുന്നിലുള്ളതിനെയെല്ലാം ആക്രമിച്ചു കീഴടക്കാനാണ് ശ്രമിക്കുക. അതുകൊണ്ട് തന്നെ വന്യമൃഗങ്ങളെ കാണുമ്പോൾ ബഹളമുണ്ടാക്കാതെ അവയ്ക്ക് വഴിമാറി കൊടുക്കുകയാണ് ചെയ്യേണ്ടത്.